ഇമാം നവവി(റ): ആധ്യാത്മിക ലോകത്തെ നിസ്തുല്യ പ്രഭാവം

ശാഫിഈ മദ്ഹബിലെ പ്രല്‍ത്ഭപണ്ഡിതനാണ് ഇമാം നവവി(റ). തന്റെ കുറഞ്ഞ ജീവിത കാല യളവില്‍ കനപ്പെട്ട പല ഗ്രന്ഥങ്ങളും പ്രഗത്ഭ ശിഷ്യന്‍മാരെയും വൈജ്ഞാനിക ലോകത്തിനു സമര്‍പ്പിക്കാന്‍ കഴിഞ്ഞവര്‍. തികഞ്ഞ സൂക്ഷമതയും ആത്മീയതയിലൂന്നിയ ജീവിതവുമാണ് അവരില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നത്. ചരിത്രമുറങ്ങുന്ന സിറിയയിലെ നവാ ഗ്രാമത്തില്‍ ഹി.631 മുഹറം മാസത്തിലാണ് ഇമാം അബൂസകരിയ്യ യഹ്‌യബ്‌നുശറഫ് അന്നവവി(റ)ന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ ആത്മീയ വിഷയങ്ങളില്‍ അതിയായ താല്‍പര്യം കാണിച്ച മഹാനുഭാവന് ഏഴാം വയസ്സില്‍ തന്നെ ലൈലത്തുല്‍ ഖദ്‌റ് അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചു.
ശൈഖ് യാസീനു ബ്‌നു യൂസുഫ്(റ)പറയുന്നതിങ്ങനെ: മഹാനുഭാവന് പത്താം വയസ്സില്‍ പോലും വിനോദാഭാസങ്ങളോട് വിരക്തി തോന്നിയിരുന്നു. കൂട്ടുകാരുടെ പ്രേരണക്ക് വഴിപെടാതെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മാത്രമായി മുഴുവന്‍ സമയവും ചെലവഴിച്ചു. മാത്രമല്ല പ്രഗത്ഭ ഖാരിഈങ്ങളുടെയും പണ്ഡിതന്മാരുടെയും പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും അവര്‍ ചെറുപ്പത്തില്‍ തന്നെ കരഗതമാക്കി.

വിജ്ഞാന സരണിയിലേക്ക്
ഹി.648ല്‍ മദ്‌റസത്തു റവാഹിയ്യയിലേക്കുള്ള യാത്രയിലാണ് അവര്‍ ദര്‍സീ പഠനത്തിലേക്ക് കാലെടുത്തു വെക്കുന്നത്. തുടര്‍ന്നങ്ങോട്ട് മുഴുവന്‍ സമയത്തെയും വിജ്ഞാനം നുകരാന്‍ നീക്കിവെച്ചു. ഇവിടുത്തെ പഠനകാലത്തിനിടക്ക് ഒരിക്കല്‍ പോലും മഹാരഥന്‍ ഉറങ്ങിയിരുന്നില്ല എന്നാണ് ശിഷ്യന്‍ ഇബ്‌നുല്‍ അത്വാര്‍(റ) തന്റെ തുഹ്ഫത്തു ത്വാലിബീനില്‍ രേഖപ്പെടുത്തിവെക്കുന്നത്. ദു:സ്സഹമായ ഇവിടുത്തെ പഠന കാലയളവില്‍ കിട്ടുന്നതെന്തോ അതു കഴിക്കുകയായിരുന്നു മഹാനവര്‍കളുടെ പതിവ.്
ഹിജ്‌റ 651-ല്‍ ഉപ്പയോടുകൂടെ ഹജ്ജിന് തിരിച്ച ഇമാം നവവി(റ), മടക്കയാത്ര സിറിയയിലെ പണ്ഡിതന്മാരോടൊപ്പം വിജ്ഞാനം നുകരുവാന്‍ വഴി മരുന്നിട്ടു. ഇതിനിടക്ക് പ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളായ തന്‍ബീഹും, മുഹദ്ദബും ഹൃദിസ്ഥമാക്കി. (മന:പാഠമാക്കിയ മുഹദ്ദബിന് തന്റെ അധ്യാപന കാലത്ത് മജ്മൂഅ് എന്ന പേരില്‍ വ്യാഖ്യാനം എഴുതിയിരുന്നു). ഒരു ദിവസം തന്നെ പന്ത്രണ്ട് സബ്ഖുകള്‍..! ശാഫിഈ ഇമാമിന്റെ വസ്വീത്വ,് ഇമാം ബുഖാരിയുടെ സ്വഹീഹ് മുസ്ലിം തുടങ്ങിയ വ്യത്യസ്ത വൈജ്ഞാനിക ശാഖകളിലെ പന്ത്രണ്ട് ഗ്രന്ഥങ്ങളായിരുന്നു സബ്ഖില്‍ ഓതിയിരുന്നത.്
ശൈഖവര്‍കള്‍ വൈദ്യശാസ്ത്രമേഖലയിലെ പ്രശസ്ത ഗ്രന്ഥമായ ഇബ്‌നുസീനയുടെ അല്‍ ഖാനൂന്‍ പഠിക്കാന്‍ വേണ്ടി വീട്ടിലേക്ക് കൊണ്ടുവരികയും പഠിക്കാന്‍ തുനിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വെറുപ്പ് സൃഷ്ടിക്കപ്പെടുകയും ചെയ്തു. പ്രസ്തുതഗ്രന്ഥം വീട്ടിലുണ്ടായിരുന്നപ്പോള്‍ മറ്റു ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ പോലും മഹാനുഭാവന് കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ അവര്‍ തന്റെ വീട്ടില്‍ നിന്നും അല്‍ ഖാനൂനും മറ്റു വൈദ്യശാസ്ത്രഗ്രന്ഥങ്ങളും എടുത്തൊഴിവാക്കി. തുടര്‍ന്ന് മനസ്സിന് ആശ്വാസവും സമാധാനവും തിരിച്ചുവന്നു. വൈദ്യശാസ്ത്രരംഗത്ത് നിന്നൊക്കെ മാറിനിന്ന് പൂര്‍ണ്ണമായും ദീനിസരണിയിലേക്ക് മഹാരഥനെ അള്ളാഹു തആല വഴിതിരിച്ചുവിടുന്ന ഈ സംഭവം ആശ്ചര്യപൂര്‍ണ്ണം തന്നെ….
സക്രിയനായ ഒരു ജ്ഞാനിയെ സംബന്ധിച്ചിടത്തോളം പൈശാചിക വേലകള്‍ അവനെ പിഴപ്പിക്കാന്‍ സദാസമയം കാത്തുനില്‍പ്പുണ്ടായിരിക്കും. ഇമാം നവവി(റ)ന്റെ ജീവിതാധ്യായത്തിലും ഈയൊരു സന്ദര്‍ഭം ദര്‍ശിക്കാം. മദ്‌റസത്തു അര്‍റവാഹിയ്യയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സമയത്ത് ഒരു ദിവസം അര്‍ദ്ധരാത്രി ദിക്‌റില്‍ മുഴുകുമ്പോള്‍ ശിരോവസ്ത്രധാരിയായ ഒരു വൃദ്ധന്‍ വരികയും അവരുടെ ഇബാദത്തുകള്‍ക്ക് തടയിടുകയും ചെയ്തിരുന്നു. (മിന്‍ഹാജുസ്സവി)

അധ്യാപന, ആത്മീയ മേഖലയിലേക്ക്
അറിവന്വേഷണത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ മഹാനവര്‍കള്‍ അധ്യാപന മേഖലയിലേക്ക് കടന്നപ്പോഴും ഈ രീതി തുടര്‍ന്നു. തികഞ്ഞ മതബോധവും സൂക്ഷ്മതയും കൃത്യതയും അവരില്‍ നിറഞ്ഞു നില്‍ക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടതെല്ലാം സവിസ്തരം വിശദീകരിച്ച് നല്‍കുന്നതിലും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും വ്യാപൃതനായി. അറിവ് പറഞ്ഞുകൊടുക്കുന്നതിന് പകരമായി പ്രതിഫലമൊന്നും മഹാന്‍ സ്വീകരിച്ചിരുന്നില്ല.
പ്രപഞ്ച നാഥനോടുള്ള ‘ഭയഭക്തി മൂലം നമസ്‌കാരങ്ങളിലും അല്ലാത്തപ്പോഴും നരകത്തെ കുറിച്ച് പറയുന്ന ആയത്തുകള്‍ ഓര്‍ക്കുമ്പോള്‍ മനസ്സ് പിടക്കുകയും കരയുകയും ഈ ആയത്തുകള്‍ ആവര്‍ത്തിക്കുന്നതും മഹാരഥന്റെ പതിവായിരുന്നു.

ഗുരുനാഥന്‍മാര്‍
വിശ്വപ്രസിദ്ധവും അറബി ഭാഷാപഠനത്തിന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആധികാരിക ഗ്രന്ഥവുമായ അല്‍ഫിയ്യയുടെ രചയിതാവ് ഇമാം ഇബ്‌നു മാലിക്ക്(റ) (വഫാത്ത്, ഹിജ്‌റ 672), ഖാളി അബ്ദുല്‍ ഫതഹ് ഉമറുബ്‌നു ബുന്‍ദാര്‍(റ), അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു ഈസാ(റ) തുടങ്ങിയവരാണ് പ്രധാനഗുരുവര്യര്‍.

ഗ്രന്ഥ രചനകള്‍
കര്‍മ്മശാസ്ത്ര രംഗത്ത് നിസ്തുല്ല്യ പ്രഭാവത്തിനുടമയും ശാഫിഈ മദ്ഹബിലെ ശൈഖാനി എന്ന പ്രയോഗത്തില്‍ ഒരുവരുമാണ്് ഇമാം. റൗള, മജ്മൂഅ് (ശര്‍ഹുല്‍ മുദ്ദുബ്) തുടങ്ങിയ ഗ്രന്ഥങ്ങള്‍ കര്‍മ ശാസ്ത്ര മേഖലയിലേക്കും ശര്‍ഹ് മുസ്ലിം, രിയാളുസ്വാലിഹീന്‍, അര്‍ബഊനന്നവവി തുടങ്ങിയവ ഹദീസ് മേഖലയിലേക്കും അത്തിബ്‌യാന്‍ പോലോത്തവ ഖുര്‍ആനിക വൈജ്ഞാന മേഖലയിലേക്കും മഹാനവര്‍കള്‍ സംഭാവന ചെയ്തു. ഇമാം നവവി(റ)വിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ അദ്കാറിന്റെ കുറിച്ച് പണ്ഡിതന്മാര്‍ പറഞ്ഞതിങ്ങനെ:’നിങ്ങളുടെ വീട് വിട്ടിട്ടെങ്കിലും ഇമാമവര്‍കളുടെ അദ്കാര്‍ വാങ്ങണം. ഇത്രയും സ്വാധീനശേഷിയുണ്ടായിരുന്നു മഹാനവര്‍കളുടെ രചനകള്‍ക്ക്.

ഭക്ഷണ രീതി
വളരെ ത്യാഗ പൂര്‍ണമായ ജീവിതമായിരുന്നു മഹാനവര്‍കളുടേത്. ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് അവര്‍ വെള്ളം കുടിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും. അതുതന്നെ ഉപ്പ കൊടുക്കുന്ന റൊട്ടി മാത്രം. മാസത്തിലൊരിക്കല്‍ മാത്രം ഇറച്ചി ഭക്ഷിക്കും. (ഖീമതുസ്സമന്‍/അബ്ദുല്‍ ഫത്താഹ് അബൂഉദ്ദ). പഴങ്ങളോട് അവര്‍ക്ക് വിരക്തി തോന്നിയിരുന്നു. കാരണം അവരുടെ നാടുകളിലെ അധിക സ്ഥലങ്ങളും യതീമിന്റേതും പൊതുസമ്പത്തുമായിരുന്നു എന്നതുതന്നെ.
പല പ്രഗത്ഭപണ്ഡിതന്മാരും മഹാനവര്‍കളെ ആദരിക്കുകയും അവരോടടുത്തവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രധാനിയായിരുന്നു ഇമാം തഖ് യുദ്ധീന്‍ സുബുകി.

വഫാത്ത്
വഫാത്തിന്റെ രണ്ടു മാസം മുമ്പ് തന്റെ പ്രിയ ശിഷ്യന്‍ ഇബ്‌നുല്‍ അത്വാര്‍ (റ)നോട് കൂടെ ജീവിച്ചിരിക്കുന്ന ഗുരുവര്യന്‍മാരെ സന്ദര്‍ശിച്ചിരുന്നു. മരണപ്പെട്ടവരുടെ ഖബറിങ്ങല്‍ പോയി ഖുര്‍ആനോതുകയും ചെയ്തിരുന്നു. ശേഷം ബൈതുല്‍ മുഖദ്ദസ് സന്ദര്‍ശിക്കുകയും തിരിച്ചു വരുമ്പോള്‍ രോഗം പിടിപെടുകയും ചെയ്തു.
ആയിരക്കണക്കിന് ജനങ്ങളെ ആത്മീയോന്നതിയിലേക്കുയര്‍ത്തി, നിരുപമ വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം നല്‍കി സമൂഹത്തിന്റെ ഹൃദയാന്തരങ്ങളില്‍ ചിരപ്രതിഷ്ട നേടിയ സൂര്യതേജസ്സ്, ഇമാം നവവി(റ) ഹിജ്‌റ 676 റജബ് 24-ന് ബുധനാഴ്ച രാവില്‍ ഈ ലോകത്തോട് വിട പറഞ്ഞു.

സയ്യിദ് സല്‍മാനുല്‍ ഫാരിസ് കരിപ്പൂര്‍

അവലംബങ്ങള്‍
മിന്‍ഹാജുസ്സവി
തുഹ്ഫതു ത്വാലിബീന്‍
ത്വബഖാതുശ്ശാഫിഇയ്യത്തുല്‍ കുബ്‌റ
തദ്കിറതുല്‍ ഹുഫ്ഫാള്
താരീഖുല്‍ ഇസ്‌ലാം

Leave a Reply